3 ഏഴുവർഷം കഴിഞ്ഞപ്പോൾ അവൾ ഫെലിസ്ത്യദേശത്തുനിന്നു തിരിച്ചുവന്നു. അവൾ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുത്തെത്തി. 4 അപ്പോൾ രാജാവ് ദൈവപുരുഷന്റെ പരിചാരകനായ ഗേഹസിയോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. “എലീശാ ചെയ്ത സകല അത്ഭുതകാര്യങ്ങളെക്കുറിച്ചും എന്നോടു പറയുക,” എന്ന് അദ്ദേഹം ഗേഹസിയോടു കൽപ്പിച്ചു. 5 എലീശാ മരിച്ചവനെ ജീവിപ്പിച്ച വിവരം ഗേഹസി രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, എലീശാ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയായ ആ സ്ത്രീ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുക്കൽവന്നു.
9 അങ്ങനെ ഹസായേൽ എലീശയെ കാണുന്നതിനു പുറപ്പെട്ടു. ദമസ്കോസിലെ സകലവിശിഷ്ട വസ്തുക്കളിൽനിന്ന് നാൽപ്പത് ഒട്ടകച്ചുമടുകൾ അദ്ദേഹത്തിനു കാഴ്ചയായി ഹസായേൽ കൊണ്ടുപോയിരുന്നു. അദ്ദേഹം ചെന്ന് എലീശയുടെമുമ്പിൽ നിന്ന്: “അങ്ങയുടെ മകനും അരാംരാജാവുമായ ബെൻ-ഹദദ് എന്നെ അയച്ചിരിക്കുന്നു. ‘താൻ ഈ രോഗത്തിൽനിന്നു വിമുക്തനാകുമോ,’ എന്ന് അങ്ങയോടു ചോദിക്കാനും എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.”
10 “ ‘നീ തീർച്ചയായും സുഖംപ്രാപിക്കും’ എന്നു നീ ചെന്ന് അദ്ദേഹത്തോടു പറയുക; എന്നാൽ അദ്ദേഹം നിശ്ചയമായും മരിക്കുമെന്നും യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.” 11 ഹസായേലിനു ലജ്ജതോന്നുന്നതുവരെ എലീശാ അയാളെ കണ്ണുപറിക്കാതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അതിനുശേഷം ദൈവപുരുഷൻ കരയാൻ തുടങ്ങി.
12 “യജമാനൻ കരയുന്നതെന്തിന്?” ഹസായേൽ ചോദിച്ചു.
13 “വെറും ഒരു നായായിരിക്കുന്ന അടിയന് ഇത്തരം സാഹസകൃത്യങ്ങൾ ചെയ്യാൻ എങ്ങനെ കഴിയും?” എന്നു ഹസായേൽ ചോദിച്ചു.
14 അതിനുശേഷം ഹസായേൽ എലീശയെ വിട്ട് തന്റെ യജമാനന്റെ അടുത്തേക്കുപോയി. “എലീശാ നിന്നോട് എന്തു പറഞ്ഞു?” എന്ന് ബെൻ-ഹദദ് ചോദിച്ചപ്പോൾ, “അങ്ങുവേഗത്തിൽ സുഖംപ്രാപിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു” എന്ന് ഹസായേൽ മറുപടി നൽകി. 15 പിറ്റേദിവസം ഹസായേൽ ഒരു പുതപ്പെടുത്ത് വെള്ളത്തിൽ മുക്കി രാജാവിന്റെ മുഖത്തിട്ടു. അങ്ങനെ രാജാവു മരിക്കാനിടയായി. അതിനുശേഷം ഹസായേൽ അദ്ദേഹത്തിനുപകരം രാജാവായി.
20 യെഹോരാമിന്റെ കാലത്ത് ഏദോമ്യർ യെഹൂദയുടെ അധികാരത്തോടു മത്സരിച്ചു. അവർ തങ്ങളുടേതായ ഒരു രാജാവിനെ വാഴിച്ചു. 21 അതിനാൽ യെഹോരാം തന്റെ സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു. ഏദോമ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രഥനായകന്മാരെയും വളഞ്ഞു. എന്നാൽ അദ്ദേഹം രാത്രിയിൽ എഴുന്നേറ്റ് ശത്രുക്കളുടെ അണികളെ ഭേദിച്ചു. എങ്കിലും യെഹോരാമിന്റെ സൈന്യം തങ്ങളുടെ ഭവനങ്ങളിലേക്കു തിരിഞ്ഞോടിക്കളഞ്ഞു. 22 ഇന്നുവരെയും ഏദോമ്യർ യെഹൂദയുടെ അധികാരത്തിനു കീഴ്പ്പെടാതെ മത്സരിച്ചുനിൽക്കുന്നു. അക്കാലത്തുതന്നെ ലിബ്നായും മത്സരിച്ചു.
23 യെഹോരാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 24 യെഹോരാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ അഹസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
28-29 അഹസ്യാവ് ഗിലെയാദിലെ രാമോത്തിൽ*മൂ.ഭാ. രാമാ, രാമോത്ത് എന്നതിന്റെ മറ്റൊരുരൂപം. ആഹാബിന്റെ മകൻ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ പോയി; അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു. അതിനാൽ യോരാംരാജാവ്, അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്ക് അരാമ്യർ ഏൽപ്പിച്ച മുറിവുകൾ ചികിത്സിക്കാനായി യെസ്രീലിലേക്കു മടങ്ങി.
*8:28-29 മൂ.ഭാ. രാമാ, രാമോത്ത് എന്നതിന്റെ മറ്റൊരുരൂപം.