5 അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ നാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ. 6 പക്ഷേ, ഇവിടെയെത്തി സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ആളുകൾ പറഞ്ഞുകേട്ടതു ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ അങ്ങയുടെ ജ്ഞാനമാഹാത്മ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങ് ഞാൻ കേട്ടതിനെക്കാൾ എത്രയോ ശ്രേഷ്ഠനാണ്. 7 അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ! 8 യഹോവയായ ദൈവത്തിനുവേണ്ടി ഭരണം നടത്താൻ അങ്ങയെ തന്റെ സിംഹാസനത്തിൽ രാജാവായി പ്രതിഷ്ഠിക്കാൻ പ്രസാദിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ! അങ്ങയുടെ ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹംനിമിത്തവും അവരെ എന്നെന്നേക്കുമായി ഉയർത്താനുള്ള ആഗ്രഹംമൂലവും യഹോവ അങ്ങയെ അവർക്കുമീതേ നീതിയും ധർമവും പരിപാലിക്കാൻ രാജാവാക്കിയിരിക്കുന്നു.”
9 അതിനുശേഷം അവൾ നൂറ്റിയിരുപതു താലന്തു[a] സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും രാജാവിനു സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ അവിടെ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.
10 (ഇതു കൂടാതെ, ഹീരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരുംചേർന്ന് ഓഫീറിൽനിന്ന് സ്വർണവും ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളുംകൂടി കൊണ്ടുവന്നു. 11 യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ചവിട്ടുപടികൾ ഉണ്ടാക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും നിർമിക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. യെഹൂദാദേശത്ത് അത്തരത്തിലുള്ളതൊന്നും മുമ്പൊരിക്കലും കാണാൻ ഉണ്ടായിരുന്നില്ല.)
12 ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു നൽകി. അവൾ അദ്ദേഹത്തിനുവേണ്ടി ഇങ്ങോട്ടു കൊണ്ടുവന്നതിനെക്കാൾ വളരെക്കൂടുതൽ അദ്ദേഹം അവൾക്ക് അങ്ങോട്ടു കൊടുത്തയച്ചു. അതിനുശേഷം, അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി.
15 അടിച്ചുപരത്തിയ സ്വർണംകൊണ്ട് ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് നിർമിച്ചു. ഓരോ പരിചയും അടിച്ചുപരത്തുന്നതിന് അറുനൂറു ശേക്കേൽവീതം[c] സ്വർണം ചെലവായി. 16 അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മുന്നൂറു ശേക്കേൽ[d] സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു.
17 പിന്നീട്, രാജാവ് ദന്തംകൊണ്ട് ഒരു സിംഹാസനമുണ്ടാക്കി അതു തങ്കംകൊണ്ടു പൊതിഞ്ഞു. 18 സിംഹാസനത്തിന് സ്വർണംകൊണ്ടുള്ള ആറു പടികളും ഒരു പാദപീഠവും ഉണ്ടായിരുന്നു. ഇവ സിംഹാസനത്തോട് ബന്ധിപ്പിച്ചിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈതാങ്ങികളും ഓരോന്നിന്റെയും വശങ്ങളിൽ ഓരോ സിംഹത്തിന്റെ രൂപവും നിൽക്കുന്നുണ്ടായിരുന്നു. 19 പടിയുടെ ഇരുവശങ്ങളിലും ഓരോന്നുവെച്ച് ആറു പടികളിലായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഇതുപോലെ ഒരു സിംഹാസനം ഒരു രാജ്യത്തും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. 20 ശലോമോൻരാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമിതമായിരുന്നു. ലെബാനോൻ വനസൗധത്തിലെ വീട്ടുപകരണങ്ങളെല്ലാം തങ്കത്തിൽ തീർത്തവയായിരുന്നു; ശലോമോന്റെകാലത്ത് വെള്ളിക്കു വിലയില്ലാതിരുന്നതിനാൽ ഉപകരണങ്ങളൊന്നുംതന്നെ വെള്ളിയിൽ തീർത്തിരുന്നില്ല. 21 രാജാവിന് ഒരു വാണിജ്യക്കപ്പൽവ്യൂഹം[e] ഉണ്ടായിരുന്നു; ഹൂരാമിന്റെ ദാസന്മാർ അവയെ കൈകാര്യം ചെയ്തിരുന്നു. അവ മൂന്നുവർഷത്തിലൊരിക്കൽ സ്വർണം, വെള്ളി, ആനക്കൊമ്പ്, ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ രാജാവിന്റെ അടുക്കൽ എത്തിച്ചിരുന്നു.
22 ശലോമോൻരാജാവ് ഭൂമിയിലെ മറ്റു സകലരാജാക്കന്മാരെക്കാളും സമ്പത്തിലും ജ്ഞാനത്തിലും മികച്ചുനിന്നു. 23 ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കാൻ ഭൂതലത്തിലെ സകലരാജാക്കന്മാരും അദ്ദേഹത്തെ അന്വേഷിച്ചുവന്നു. 24 അവരിൽ ഓരോരുത്തരും, സ്വർണവും വെള്ളിയുംകൊണ്ടുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ മുതലായവ ഓരോവർഷവും കാഴ്ചവസ്തുക്കളായി കൊണ്ടുവന്നിരുന്നു.
25 കുതിരകൾക്കും രഥങ്ങൾക്കുമായി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ശലോമോനുണ്ടായിരുന്നു. അവരെ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു. 26 യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്റ്റിന്റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും ശലോമോൻ ആധിപത്യം നേടി. 27 രാജാവ് ജെറുശലേമിൽ വെള്ളി കല്ലുകൾപോലെ സർവസാധാരണവും ദേവദാരു കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ സുലഭവുമാക്കിത്തീർത്തു. 28 ഈജിപ്റ്റിൽനിന്നും മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു.