9 ഹിസ്കിയാവ് പുരോഹിതന്മാരോടും ലേവ്യരോടും ഈ കൂമ്പാരങ്ങളെക്കുറിച്ച് അന്വേഷിച്ചു. 10 സാദോക്കിന്റെ കുടുംബത്തിലുള്ളവനും പുരോഹിതമുഖ്യനുമായ അസര്യാവ് മറുപടി പറഞ്ഞു: “ജനം തങ്ങളുടെ സംഭാവനകൾ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നുതുടങ്ങിയതുമുതൽ ഞങ്ങൾക്കു മതിയാകുംവരെ ഭക്ഷിക്കാനും വേണ്ടുവോളം മിച്ചംവെക്കാനുമുണ്ട്. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതിനാൽ ഇത്രവലിയ ഒരു ശേഖരം ഇവിടെ അവശേഷിച്ചിരിക്കുന്നു.”
11 യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളൊരുക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു; അതു നിർവഹിക്കപ്പെട്ടു. 12 സംഭാവനകളും ദശാംശങ്ങളും സമർപ്പിതവസ്തുക്കളും അവർ വിശ്വസ്തതയോടെ അകത്തേക്കെടുത്തു. ലേവ്യനായ കോനന്യാവ് ഈ വസ്തുക്കളുടെ ചുമതലക്കാരനായിരുന്നു; അദ്ദേഹത്തിന്റെ സഹോദരൻ ശിമെയി രണ്ടാംസ്ഥാനക്കാരനും. 13 ഹിസ്കിയാരാജാവിന്റെയും ദൈവാലയത്തിന്റെ ചുമതലക്കാരനായ അസര്യാവിന്റെയും നിയോഗപ്രകാരം കോനന്യാവിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശിമെയിയുടെയും കീഴിൽ യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ മേൽനോട്ടക്കാരായിരുന്നു.
14 ലേവ്യനായ യിമ്നായുടെ മകനും കിഴക്കേകവാടത്തിൽ കാവൽക്കാരനുമായ കോരേ ദൈവത്തിനു സമർപ്പിച്ചിരുന്ന സ്വമേധായാഗങ്ങളുടെ മേൽനോട്ടം വഹിച്ചു. യഹോവയ്ക്കായി സമർപ്പിക്കപ്പെട്ട സംഭാവനകളും വിശുദ്ധദാനങ്ങളും അദ്ദേഹം വിഭജിച്ചുകൊടുത്തിരുന്നു. 15 പുരോഹിതനഗരങ്ങളിൽ പ്രായഭേദംകൂടാതെ അവരുടെ സഹപുരോഹിതന്മാർക്ക് അവരവരുടെ ഗണമനുസരിച്ചു വിഭജിച്ചുകൊടുക്കുന്ന കാര്യത്തിൽ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവർ വിശ്വസ്തതയോടെ അദ്ദേഹത്തെ സഹായിച്ചിരുന്നു.
16 ഇതിനുംപുറമേ, വംശാവലിരേഖകളിൽ പേരു ചേർക്കപ്പെട്ടവരും മൂന്നുവയസ്സോ അതിൽക്കൂടുതലോ പ്രായമുള്ളവരുമായ പുരുഷാംഗങ്ങൾക്കും തങ്ങളുടെ ഗണങ്ങളും ചുമതലകളും പ്രകാരം തങ്ങളുടെ കർത്തവ്യത്തിൽപ്പെട്ട ജോലികൾ നിർവഹിക്കുന്നതിനു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിയുന്ന സകലർക്കും അവർ ഓഹരി വിഭജിച്ചുകൊടുത്തിരുന്നു. 17 വംശാവലിരേഖകളിൽ കുടുംബങ്ങളായി പേരുചേർക്കപ്പെട്ടിരുന്ന പുരോഹിതന്മാർക്കും ഓഹരികൊടുത്തു; അതുപോലെതന്നെ ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ള ലേവ്യർക്കും അവരുടെ ഗണങ്ങളും ചുമതലകളും പരിഗണിച്ച് ഓഹരി കൊടുത്തിരുന്നു. 18 ഇക്കാര്യത്തിൽ അവർ വംശാവലിരേഖകളിൽ പേരുള്ള മുഴുവൻ സമൂഹത്തിലെയും ശിശുക്കളെയും ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും ഉൾപ്പെടുത്തിയിരുന്നു. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നകാര്യത്തിൽ അവർ വിശ്വസ്തരായിരുന്നു.
19 അവരുടെ പട്ടണങ്ങൾക്കു പുറത്തു കൃഷിയിടങ്ങളിലോ മറ്റേതെങ്കിലും പട്ടണത്തിലോ താമസിച്ചിരുന്ന അഹരോന്റെ പിൻതലമുറയിലെ പുരോഹിതന്മാരുടെ കാര്യത്തിലാകട്ടെ, അവരിലെ ഓരോ പുരുഷനും ലേവ്യവംശാവലിയിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള സകലർക്കും ഓഹരി വിഭജിച്ചുകൊടുക്കാൻ പേരെടുത്തുപറഞ്ഞ് ആളുകളെ നിയോഗിച്ചിരുന്നു.
20 ഹിസ്കിയാവ് ഇപ്രകാരം യെഹൂദ്യയിലെല്ലാം ചെയ്തു. അദ്ദേഹം തന്റെ ദൈവമായ യഹോവയുടെമുമ്പാകെ നന്മയും നീതിയും വിശ്വസ്തതയും പ്രവർത്തിച്ചു. 21 ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയിലും ന്യായപ്രമാണവും കൽപ്പനകളും അനുസരിക്കുന്ന കാര്യത്തിലും ഹിസ്കിയാവ് ഏറ്റെടുത്ത ഓരോകാര്യത്തിലും അദ്ദേഹം ദൈവത്തെ അന്വേഷിക്കുകയും പൂർണഹൃദയത്തോടെ പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം അഭിവൃദ്ധിപ്രാപിച്ചു.
<- 2 ദിനവൃത്താന്തം 302 ദിനവൃത്താന്തം 32 ->