Link to home pageLanguagesLink to all Bible versions on this site
5
ദൈവപുത്രനിലുള്ള വിശ്വാസം
1 യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു. 2 ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്ന് നമുക്കറിയാം. 3 ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല. 4 ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്കു ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്. 5 യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവർക്കല്ലാതെ ആർക്കാണ് ലോകത്തെ അതിജീവിക്കാൻ കഴിയുന്നത്?

6 യേശുക്രിസ്തു എന്ന ഒരാൾമാത്രമാണ് വെള്ളത്താലും രക്തത്താലും വന്നത്. അവിടന്ന് വന്നത് വെള്ളത്താൽമാത്രമല്ല, വെള്ളത്താലും രക്തത്താലുമാണ്. ഇക്കാര്യത്തിന് സാക്ഷ്യം നൽകുന്നത് ആത്മാവാണ്; അവിടന്ന് സത്യമാണ്. 7 സാക്ഷ്യം നൽകുന്നവർ മൂവരാണ്: 8 ആത്മാവ്, വെള്ളം, രക്തം. ഇവർ മൂവരുടെയും സാക്ഷ്യം ഒന്നുതന്നെയാണ്. 9 മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നല്ലോ; അതിലും ശ്രേഷ്ഠതരമാണ് ദൈവത്തിന്റെ സാക്ഷ്യം. കാരണം സ്വപുത്രനെക്കുറിച്ച് ദൈവംതന്നെ നൽകിയ സാക്ഷ്യമാണ് അത്. 10 ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല. 11 ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്.[a] 12 ദൈവപുത്രൻ ഉള്ളവർക്കെല്ലാം നിത്യജീവനുണ്ട്; ദൈവപുത്രൻ ഇല്ലാത്തവർക്കു ജീവനില്ല.

നിത്യജീവന്റെ ഉറപ്പ്
13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്. 14 ദൈവത്തിനു പ്രസാദകരമായ എന്ത് നാം അപേക്ഷിച്ചാലും നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നു, എന്നതാണു ദൈവസന്നിധിയിൽ നമുക്കുള്ള ആത്മവിശ്വാസം. 15 നാം അപേക്ഷിക്കുന്നതെന്തും അവിടന്നു കേൾക്കുന്നെന്ന് ഉറപ്പുള്ളതിനാൽ, അപേക്ഷിച്ചവയെല്ലാം നമുക്കു ലഭിച്ചു എന്നു തീർച്ചപ്പെടുത്താം.

16 സഹോദരങ്ങളിൽ ഒരാൾ മരണകാരണമല്ലാത്ത പാപംചെയ്യുന്നതു കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക;[b] മരണകാരണം അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണകാരണമായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. 17 എല്ലാ അനീതിയും പാപംതന്നെ. എന്നാൽ, മരണത്തിലേക്കു നയിക്കാത്ത പാപവും ഉണ്ട്.

18 ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു. ദൈവപുത്രൻ അവരെ സൂക്ഷിക്കുന്നു. പിശാചിന് അവരെ സ്പർശിക്കാൻ കഴിയുകയില്ല. 19 നാം ദൈവത്തിൽനിന്നു ജനിച്ചവർ ആണെന്നും ലോകം മുഴുവൻ പിശാചിന്റെ അധീനതയിൽ ആണെന്നും അറിയുന്നു. 20 ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ—അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ—ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു.

 
 
21 കുഞ്ഞുമക്കളേ, നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനുള്ള സ്ഥാനം അപഹരിക്കുന്ന എല്ലാറ്റിൽനിന്നും അകന്നിരിക്കുക.[c]

<- 1 യോഹന്നാൻ 4