Link to home pageLanguagesLink to all Bible versions on this site
4
വ്യാജപ്രവാചകരെ വിവേചിക്കുക
1 പ്രിയരേ, എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. കാരണം, അനേകം വ്യാജപ്രവാചകർ ലോകത്തിൽ വ്യാപിച്ചിട്ടുണ്ട്. ആ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവ ആണോ എന്നു പരിശോധിക്കുക. 2 ദൈവാത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു സമ്പൂർണമനുഷ്യനായി[a] അവതരിച്ചു എന്ന് അംഗീകരിക്കുന്ന ഏതൊരാത്മാവും ദൈവത്തിൽനിന്നുള്ളതാകുന്നു. 3 യേശുവിനെ അംഗീകരിക്കാത്ത ഒരാത്മാവും ദൈവത്തിൽനിന്ന് ഉള്ളതല്ല; വരുന്നെന്നു നിങ്ങൾ കേട്ടിട്ടുള്ള എതിർക്രിസ്തുവിന്റെ ആത്മാവാണത്. അത് ലോകത്തിൽ ഇപ്പോഴേ ഉണ്ട്.

4 കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; നിങ്ങൾ വ്യാജപ്രവാചകന്മാരെ പരാജയപ്പെടുത്തിയിരിക്കുന്നു; കാരണം, നിങ്ങളിൽ വസിക്കുന്ന ദൈവം ലോകത്തിലുള്ളവനെക്കാൾ ശക്തനാണ്. 5 ലോകത്തിൽനിന്നുള്ളവർ ആയതിനാൽ അവർ ലൗകികമായി സംസാരിക്കുന്നു. ലോകം അവരെ ശ്രദ്ധിക്കുന്നു. 6 ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; ദൈവത്തെ അറിയുന്നവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവർ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നതുമില്ല. സത്യാത്മാവിനെയും വ്യാജാത്മാവിനെയും ഇങ്ങനെയാണ് നാം തിരിച്ചറിയുന്നത്.

ദൈവസ്നേഹവും മനുഷ്യസ്നേഹവും
7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്. 9 നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി. 10 ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു. 11 പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. 12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.

13 നാം ദൈവത്തിലും അവിടന്ന് നമ്മിലും വസിക്കുന്നെന്നു നമുക്കു നിശ്ചയമുണ്ട്: ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുന്നല്ലോ. 14 പിതാവ് അവിടത്തെ പുത്രനെ ലോകരക്ഷകനായി അയച്ചത് ഞങ്ങൾ കാണുകയും സാക്ഷ്യപ്പെടുത്തുകയുംചെയ്യുന്നു. 15 യേശു ദൈവപുത്രൻ, എന്ന് അംഗീകരിക്കുന്നവരിൽ ദൈവം വസിക്കുന്നു; അവർ ദൈവത്തിലും വസിക്കുന്നു. 16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. 17 നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. 18 സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.

19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്. 20 ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്. 21 ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.

<- 1 യോഹന്നാൻ 31 യോഹന്നാൻ 5 ->