Link to home pageLanguagesLink to all Bible versions on this site
25
ഗായകഗണങ്ങൾ
1 ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി[a] വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്:
 
2 ആസാഫിന്റെ പുത്രന്മാരിൽനിന്ന്:
സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ, ഇവർ ആസാഫിന്റെ നിർദേശമനുസരിച്ച് രാജാവിന്റെ മേൽനോട്ടത്തിൽ പ്രവചനശുശ്രൂഷ ചെയ്തിരുന്നു.
3 യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
ഗെദല്യാവ്, സെരി, യെശയ്യാവ്, ശിമെയി,[b] ഹശബ്യാവ്, മത്ഥിഥ്യാവ്—ആകെ ആറുപേർ. ഇവർ പ്രവചിച്ചത് തങ്ങളുടെ പിതാവായ യെദൂഥൂന്റെ മേൽനോട്ടത്തിലായിരുന്നു. കിന്നരംമീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ടായിരുന്നു അവർ ശുശ്രൂഷ നിറവേറ്റിയിരുന്നത്.
4 ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
ബുക്കിയാവ്, മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യോശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് 5 ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു.
 
6 ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്.
ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 7 അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു. 8 ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു.