Link to home pageLanguagesLink to all Bible versions on this site

1 രാത്രിസമയത്തു എന്റെ കിടക്കയിൽ

ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2 ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു,
വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
3 നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.
4 അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു.
ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും
എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5 യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു.
6 മൂറും കുന്തുരുക്കവും കൊണ്ടും
കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും
പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
7 ശലോമോന്റെ പല്ലക്കു തന്നേ;
യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.
8 അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ;
രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.
9 ശലോമോൻരാജാവു ലെബാനോനിലെ മരംകൊണ്ടു
തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.
10 അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളി കൊണ്ടും
ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി;
അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു
വിചിത്രഖചിതമായിരിക്കുന്നു.
11 സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു
ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ,
അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ,
അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.

<- ഉത്തമഗീതം 2ഉത്തമഗീതം 4 ->