1 ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു. 2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ? 3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 കൊലൊസ്സ്യർ 2:12അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. 5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. 6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 7 അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. 8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 9 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. 10 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു. 11 അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
12 ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, 13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. 14 നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
15 എന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുതു. 16 നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ. 17 എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു 18 പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം. 19 നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ. 20 നിങ്ങൾ പാപത്തിന്നു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ. 21 നിങ്ങൾക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ. 22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. 23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
<- റോമർ 5റോമർ 7 ->