29
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 സങ്കീർത്തനങ്ങൾ 96:7-9ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,
യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.
2 യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ;
വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
3 യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;
പെരുവെള്ളത്തിൻമീതെ യഹോവ,
മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;
യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;
യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും
ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;
യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
9 യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;
അതു വനങ്ങളെ തോലുരിക്കുന്നു;
അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.
10 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു;
യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
11 യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും;
യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
<- സങ്കീർത്തനങ്ങൾ 28സങ്കീർത്തനങ്ങൾ 30 ->
29:1 സങ്കീർത്തനങ്ങൾ 96:7-9