Link to home pageLanguagesLink to all Bible versions on this site
17
ദാവീദിന്റെ ഒരു പ്രാർത്ഥന.
1 യഹോവേ, ന്യായത്തെ കേൾക്കേണമേ,
എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ.
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.
2 എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ;
നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.
3 നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു;
നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല;
എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
4 മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ
നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
5 എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു;
എന്റെ കാൽ വഴുതിയതുമില്ല.
6 ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ;
നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.
7 നിന്നെ ശരണമാക്കുന്നവരെ അവരോടു എതിർക്കുന്നവരുടെ കയ്യിൽനിന്നു
നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ,
നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
8 കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ;
എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9 എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം
നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ.
10 അവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു;
വായ് കൊണ്ടു വമ്പു പറയുന്നു.
11 അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു;
ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു.
12 കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും
മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
13 യഹോവേ, എഴുന്നേറ്റു അവനോടെതിർത്തു അവനെ തള്ളിയിടേണമേ.
യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും
14 തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ;
അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;
നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു;
അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു;
തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.
15 ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും;
ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.

<- സങ്കീർത്തനങ്ങൾ 16സങ്കീർത്തനങ്ങൾ 18 ->