Link to home pageLanguagesLink to all Bible versions on this site
30
1 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ;
ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു:
ദൈവമേ, ഞാൻ അദ്ധ്വാനിച്ചു,
ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2 ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ;
മാനുഷബുദ്ധി എനിക്കില്ല;
3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;
പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
4 സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ?
കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ?
വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ?
ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ?
അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ?
5 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;
തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.
6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു;
അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.
7 രണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു;
ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
8 വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ;
ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ
നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
9 ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും
ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
10 ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു;
അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
11 അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
12 തങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും
അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13 അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -
അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു -
14 എളിയവരെ ഭൂമിയിൽനിന്നും
ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം
മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
15 കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു;
ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു;
മതി എന്നു പറയാത്തതു നാലുണ്ടു:
16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും
വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും
മതി എന്നു പറയാത്ത തീയും തന്നേ.
17 അപ്പനെ പരിഹസിക്കയും
അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ
തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും
കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
18 എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു;
എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:
19 ആകാശത്തു കഴുകന്റെ വഴിയും
പാറമേൽ സർപ്പത്തിന്റെ വഴിയും
സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും
കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
20 വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ:
അവൾ തിന്നു വായ് തുടെച്ചിട്ടു
ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
21 മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു;
നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ:
22 ദാസൻ രാജാവായാൽ അവന്റെ നിമിത്തവും
ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും
23 വിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും
ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നേ.
24 ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും
അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു:
25 ഉറുമ്പു ബലഹീനജാതി എങ്കിലും
അതു വേനല്ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
26 കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും
അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
27 വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും
അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28 പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും
അതു രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.
29 ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു;
ചന്തമായി നടക്കുന്നതു നാലുണ്ടു:
30 മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും
ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
31 നായാട്ടുനായും കോലാട്ടുകൊറ്റനും
സൈന്യസമേതനായ രാജാവും തന്നേ.
32 നീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ
ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ
കൈകൊണ്ടു വായ് പൊത്തിക്കൊൾക.
33 പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും;
മൂക്കു ഞെക്കിയാൽ ചോര വരും;
കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

<- സദൃശവാക്യങ്ങൾ 29സദൃശവാക്യങ്ങൾ 31 ->