24
1 യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു; 3 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു:
ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
5 യാക്കോബേ, നിന്റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6 താഴ്വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾ പോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.
7 അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു;
അവന്റെ വിത്തിന്നു വെള്ളം ധാരാളം;
അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ;
അവന്റെ രാജത്വം ഉന്നതം തന്നേ.
8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു;
കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്തു അവരെ തുളെക്കുന്നു.
9 ഉല്പത്തി 49:9; ഉല്പത്തി 12:3അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10 അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ചു ബിലെയാമിനോടു: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കയത്രേ ചെയ്തിരിക്കുന്നു. 11 ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു. 12 അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്വാൻ എനിക്കു കഴിയുന്നതല്ല; 13 യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളു. എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ? 14 ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം. 15 പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;
കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16 ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ,
അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും.
അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും
തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
18 എദോം ഒരു അധീനദേശമാകും;
ശത്രുവായ സെയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19 യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും;
ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.
20 അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു:
അമാലേക്ക് ജാതികളിൽ മുമ്പൻ;
അവന്റെ അവസാനമോ നാശം അത്രേ.
21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു:
നിന്റെ നിവാസം ഉറപ്പുള്ളതു:
നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.
22 എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?
23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു:
ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
24 കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.
അവന്നും നിർമ്മൂലനാശം ഭവിക്കും.
25 അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.
<- സംഖ്യാപുസ്തകം 23സംഖ്യാപുസ്തകം 25 ->
24:9 ഉല്പത്തി 49:9; ഉല്പത്തി 12:3