Link to home pageLanguagesLink to all Bible versions on this site

1 [a]അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. 2 അവരോടു അവൻ ഉത്തരം പറഞ്ഞതു: സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും 3 രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ? 4 [b]ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല; പിന്നെ അവൻ അവരെ വിട്ടു പോയി.

5 ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി. 6 [c]എന്നാൽ യേശു അവരോടു: നോക്കുവിൻ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവിൻ എന്നു പറഞ്ഞു. 7 അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു. 8 അതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതു എന്തു? 9 [d]ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്കു അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും 10 [e]നാലായിരം പേർക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ? 11 പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു? 12 അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്നു അവർ ഗ്രഹിച്ചു.

13 യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. 14 [f]ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. 15 നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: 16 [g]നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. 17 യേശു അവനോടു: ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. 18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. 19 [h]സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും എന്നു ഉത്തരം പറഞ്ഞു. 20 പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.

21 അന്നു മുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി. 22 പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. 23 അവനോ തിരിഞ്ഞു പത്രൊസിനോടു; സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു. 24 [i]പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. 25 [j]ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും. 26 ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? 27 [k]മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. 28 മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

<- മത്തായി 15മത്തായി 17 ->