Link to home pageLanguagesLink to all Bible versions on this site

1 മർത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ?

അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.
2 വേലക്കാരൻ നിഴൽ വാഞ്ഛിക്കുന്നതുപോലെയും
കൂലിക്കാരൻ കൂലിക്കു കാത്തിരിക്കുന്നതുപോലെയും
3 വ്യർത്ഥമാസങ്ങൾ എനിക്കു അവകാശമായ്‌വന്നു,
കഷ്ടരാത്രികൾ എനിക്കു ഓഹരിയായ്തീർന്നു.
4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു;
രാത്രിയോ ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.
5 എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു.
എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
6 എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു;
പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
7 എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ;
എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
8 എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല;
നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ
പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.
10 അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല;
അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
11 ആകയാൽ ഞാൻ എന്റെ വായടെക്കയില്ല;
എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും;
എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
12 നീ എനിക്കു കാവലാക്കേണ്ടതിന്നു
ഞാൻ കടലോ കടലാനയോ ആകുന്നുവോ?
13 എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;
എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ
14 നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു;
ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15 ആകയാൽ ഞാൻ ഞെക്കിക്കൊലയും
ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
16 ഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല;
എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17 [a]മർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും
അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും
18 അവനെ രാവിലെതോറും സന്ദർശിച്ചു
മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവൻ എന്തുള്ളു?
19 നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽ നിന്നു മാറ്റാതിരിക്കും?
ഞാൻ ഉമിനീർ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു?
ഞാൻ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം
നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും
അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു?
ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും;
നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.

<- ഇയ്യോബ് 6ഇയ്യോബ് 8 ->