Link to home pageLanguagesLink to all Bible versions on this site
39
1 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്നു അതിനെ നിരോധിച്ചു. 2 സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതിൽ ഒരിടം ഇടിച്ചുതുറന്നു. 3 ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്ക്കൽ ഇരുന്നു. 4 യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ടു അരാബവഴിക്കു പോയി. 5 കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു. 6 ബാബേൽരാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു. 7 അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു. 8 കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു. 9 നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയി. 10 ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ചു, അവർക്കു അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു. 11 യിരെമ്യാവെക്കുറിച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോടു: 12 നീ അവനെ വരുത്തി, അവന്റെമേൽ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു. 13 അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു, 14 യിരെമ്യാവെ കാവൽപുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ പാർത്തു.

15 യിരെമ്യാവു കാവൽപുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാൽ: 16 നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാൺകെ അവ നിവൃത്തിയാകും. 17 അന്നു ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു. 18 ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

<- യിരെമ്യാവു 38യിരെമ്യാവു 40 ->