Link to home pageLanguagesLink to all Bible versions on this site
47
1 അങ്ങനെ യോസേഫ് ചെന്നു: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു. 2 പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി. 3 അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു. 4 ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു. 5 ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ. 6 മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻദേശത്തുതന്നേ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു. 7 യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി, 8 യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോടു: എത്രവയസ്സായി എന്നു ചോദിച്ചു. 9 യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു. 10 യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി. 11 അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു. 12 യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

13 എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു. 14 ജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു. 15 മിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീർന്നുപോയി എന്നു പറഞ്ഞു. 16 അതിന്നു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു. 17 അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്കു ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു. 18 ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറെക്കുന്നില്ല. 19 ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം. 20 അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി. 21 ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു. 22 പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല. 23 യോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ. 24 വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു. 25 അതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു. 26 അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല. 27 യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.

28 യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു. 29 ഉല്പത്തി 49:29-32; 50:6യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ, 30 ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു. 31 എന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു.

<- ഉല്പത്തി 46ഉല്പത്തി 48 ->