Link to home pageLanguagesLink to all Bible versions on this site
അപ്പൊസ്തലനായ പൗലൊസ്

തിമൊഥെയൊസിന്നു എഴുതിയ രണ്ടാം ലേഖനം

1 ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന്നു എഴുതുന്നതു: 2 [a]പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

3 എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു 4 ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു. 5 [b]ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു. 6 അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു. 7 ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. 8 അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. 9 അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും 10 ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. 11 [c]ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. 12 അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു. 13 എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. 14 ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.

15 ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു. 16 പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ. 17 അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു. 18 ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസിൽവെച്ചു അവൻ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.

2. തിമൊഥെയൊസ് 2 ->