Link to home pageLanguagesLink to all Bible versions on this site

1 [a]അനന്തരം ദാവീദ്: ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു. 2 എന്നാൽ ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവു അവനോടു: നീ സീബയോ എന്നു ചോദിച്ചു. അടിയൻ എന്നു അവൻ പറഞ്ഞു. 3 [b]ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നു: രണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകൻ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു. 4 അവൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു. 5 അപ്പോൾ ദാവീദ്‌ രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി. 6 ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു. 7 ദാവീദ് അവനോടു: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു. 8 അവൻ നമസ്കരിച്ചുംകൊണ്ടു: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളു എന്നു പറഞ്ഞു. 9 അപ്പോൾ രാജാവു ശൗലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതു: ശൗലിന്നു അവന്റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകന്നു കൊടുത്തിരിക്കുന്നു. 10 നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു. 11 രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു. 12 മെഫീബോശെത്തിന്നു ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീർന്നു. 13 ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.

<- 2. ശമൂവേൽ 82. ശമൂവേൽ 10 ->