Link to home pageLanguagesLink to all Bible versions on this site

1 [a]അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്നു 2 രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവ്വസഭയും നിർണ്ണയിച്ചിരുന്നു. 3 പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 4 ആ കാര്യം രാജാവിന്നും സർവ്വസഭെക്കും സമ്മതമായി. 5 ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻവരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല. 6 അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ. 7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുതു; അവൻ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ. 8 ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുതു; യഹോവെക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിൻ. 9 നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല. 10 ആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. 11 എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു. 12 യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു. 13 അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി. 14 അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു. 15 രണ്ടാം മാസം പതിന്നാലാം തിയ്യതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു. 16 അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിച്ചു. 17 തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവെക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു. 18 വലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവർക്കു വേണ്ടി പ്രാർത്ഥിച്ചു: 19 വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാൻ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു. 20 യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ടു ജനത്തെ സൗഖ്യമാക്കി. 21 അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു. 22 യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു. 23 പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സർവ്വസഭയും നിർണ്ണയിച്ചു. അങ്ങനെ അവർ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു. 24 യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു. 25 യെഹൂദയുടെ സർവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സർവ്വസഭയും യിസ്രായേൽ ദേശത്തുനിന്നു വന്നു യെഹൂദയിൽ പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു. 26 അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. 27 ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.

<- 2. ദിനവൃത്താന്തം 292. ദിനവൃത്താന്തം 31 ->