Link to home pageLanguagesLink to all Bible versions on this site
അപ്പൊസ്തലനായ പൗലൊസ്

തിമൊഥെയൊസിന്നു എഴുതിയ ഒന്നാം ലേഖനം

1 നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് 2 [a]വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

3 അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു 4 നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു. 5 ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ. 6 ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു 7 ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും. 8 ന്യായപ്രമാണമോ നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ, 9 ദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീവകക്കാർക്കും 10 പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു. 11 ഈ പരിജ്ഞാനം, എങ്കൽ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.

12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു. 13 [b]മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു; 14 നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചുമിരിക്കുന്നു. 15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. 16 എന്നിട്ടും യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു. 17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.

18 മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക. 19 ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി; 20 ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.

1. തിമൊഥെയൊസ് 2 ->