10 അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. 11 അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു. 12 1. ശമൂവേൽ 19:23,24അതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീർന്നു. 13 അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി.
14 ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു. 15 ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൗലിന്റെ ഇളയപ്പൻ പറഞ്ഞു. 16 ശൗൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.
17 അനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി, 18 യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു. 19 നിങ്ങളോ സകല അനർത്ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ. 20 അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻഗോത്രത്തിന്നു ചീട്ടു വീണു. 21 അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൗലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല. 22 അവർ പിന്നെയും യഹോവയോടു: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ: അവൻ സാമാനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു. 23 അവർ ഓടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു. 24 അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആർത്തു.
25 അതിന്റെ ശേഷം ശമൂവേൽ രാജധർമ്മം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു. 26 ശൗലും ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും അവനോടുകൂടെ പോയി. 27 എന്നാൽ ചില നീചന്മാർ: ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.
<- 1. ശമൂവേൽ 91. ശമൂവേൽ 11 ->10:12 1. ശമൂവേൽ 19:23,24