1 ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. 2 ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. 3 അവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
4 അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‌വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു. 5 ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി. 6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.
7 അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ:
8 യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ;
ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;
9 അവന്നു പാടി കീർത്തനം ചെയ്‌വിൻ;
അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.
10 അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11 യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ;
അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
12 അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ,
അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
13 അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.