1 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു”. 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യത്തിൽ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിനു വിശുദ്ധപർവ്വതം എന്നും പേർ പറയും”. 4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോ വ്യക്തിയും കയ്യിൽ വടി പിടിക്കും. 5 നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും”. 6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ കാലത്തിൽ ഈ ജനത്തിൽ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ?” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. 8 ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും”. 9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്ത് കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ. 10 ഈ കാലത്തിന് മുമ്പ് മനുഷ്യന് കൂലിയില്ല, മൃഗത്തിനു കൂലിയില്ല; വരുകയും പോകുകയും ചെയ്യുന്നവർക്ക് ശത്രുനിമിത്തം സമാധാനവുമില്ല; ഞാൻ സകലമനുഷ്യരെയും തമ്മിൽതമ്മിൽ വിരോധമാക്കിയിരുന്നു. 11 ഇപ്പോഴോ ഞാൻ ഈ ജനത്തിൽ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്ത് എന്നപോലെ പെരുമാറുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 12 “വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിൽ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയെല്ലാം അവകാശമായി കൊടുക്കും. 13 യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളവരേ, നിങ്ങൾ ജനതകളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായിത്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിക്കുവിൻ”. 14 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പൂര്വ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്ക് തിന്മ വരുത്തുവാൻ വിചാരിക്കുകയും അനുതപിക്കാതിരിക്കുകയും ചെയ്തതുപോലെ 15 ഞാൻ ഈ കാലത്ത് യെരൂശലേമിനും യെഹൂദാഗൃഹത്തിനും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടണ്ടാ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 16 “നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്യുവിൻ. 17 നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലയോ” എന്നു യഹോവയുടെ അരുളപ്പാട്.
18 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 19 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കണം; അതുകൊണ്ട് സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ’ ”. 20 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ജനതകളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും. 21 ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്ക് ചെന്ന്: ‘വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു’ എന്നു പറയും. 22 അങ്ങനെ അനേകജനതകളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുവാനും യഹോവയെ പ്രസാദിപ്പിക്കുവാനും വരും”. 23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത് ജനതകളുടെ സകലഭാഷകളിലുംനിന്ന് പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ‘ദൈവം നിങ്ങളോടുകൂടി ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടി പോരുന്നു’ എന്നു പറയും”.
<- സെഖര്യാവ് 7സെഖര്യാവ് 9 ->