Link to home pageLanguagesLink to all Bible versions on this site
7
അഭിനന്ദനത്തിൻ്റെ വിവരണം
 
മണവാളൻ
1 അല്ലയോ പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്‍റെ കാൽ എത്ര മനോഹരം!
നിന്‍റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു.
2 നിന്‍റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു;
അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല;
നിന്‍റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന
ഗോതമ്പുകൂമ്പാരംപോലെ ആകുന്നു.
3 നിന്‍റെ സ്തനം രണ്ടു മാൻകുട്ടികൾക്ക് സമം ഇരട്ടപിറന്ന കലമാനുകൾക്കു സമം.
4 നിന്‍റെ കഴുത്ത് ദന്തഗോപുരംപോലെയും
നിന്‍റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്‍ക്കലെ കുളങ്ങൾപോലെയും
നിന്‍റെ മൂക്ക് ദമാസ്കസിന് നേരെയുള്ള
ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
5 നിന്‍റെ ശിരസ്സ് കർമ്മേൽപോലെയും
നിന്‍റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു;
രാജാവ് നിന്‍റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു.
6 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി,
നീ എത്ര മനോഹരി!
7 നിന്‍റെ ശരീരാകൃതി പനയോടും
നിന്‍റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം!
8 “ഞാൻ പനമേൽ കയറും;
അതിന്‍റെ കുലകൾ പിടിക്കും” എന്നു ഞാൻ പറഞ്ഞു.
നിന്‍റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും
നിന്‍റെ മൂക്കിന്‍റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ.
9 നിന്‍റെ ചുംബനം അധരങ്ങളില്‍ക്കൂടിയും ദന്തങ്ങളില്‍ക്കൂടിയും
താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്. [a]
മണവാട്ടി
 
10 അത് എന്‍റെ പ്രിയന് മൃദുപാനമായി
അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
11 ഞാൻ എന്‍റെ പ്രിയനുള്ളവൾ;
അവന്‍റെ ആഗ്രഹം എന്നോടാകുന്നു.
12 പ്രിയാ, വരിക; നാം വെളിമ്പ്രദേശത്ത് പോകുക;
നമുക്ക് ഗ്രാമങ്ങളിൽ [b]ചെന്നു രാപാർക്കാം.
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം;
അവിടെവച്ച് ഞാൻ നിനക്കു എന്‍റെ പ്രേമം തരും.
13 ദൂദായിപ്പഴം സുഗന്ധം വീശുന്നു;
നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്;
എന്‍റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.

<- ഉത്തമഗീതം 6ഉത്തമഗീതം 8 ->