5 അതിന് അവൾ: “നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം” എന്നു അവളോടു പറഞ്ഞു. 6 അങ്ങനെ അവൾ മെതിക്കളത്തിൽ ചെന്നു അമ്മാവിയമ്മ പറഞ്ഞതുപോലെയൊക്കെയും ചെയ്തു.
7 ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്‍റെ ഒരു വശത്ത് ചെന്നു കിടന്നു. അവളും സാവധാനം ചെന്നു അവന്‍റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു. 8 അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്‍റെ കാല്‍ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. “നീ ആരാകുന്നു?” എന്നു അവൻ ചോദിച്ചു.
9 “ഞാൻ നിന്‍റെ ദാസിയായ രൂത്ത്, നിന്‍റെ പുതപ്പിന്‍റെ അറ്റം എന്‍റെ മേൽ ഇടേണമേ, നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ”[a] എന്ന് അവൾ പറഞ്ഞു.
10 അതിന് അവൻ പറഞ്ഞത്: “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ. ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. 11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം. നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്‍റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. 12 ഞാൻ നിന്‍റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്. 13 ഈ രാത്രി താമസിക്ക, നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്‍റെ ചുമതല നിർവഹിച്ചാൽ നന്ന്, അവൻ അത് ചെയ്യട്ടെ. അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും. രാവിലെവരെ കിടന്നുകൊൾക.”
14 അങ്ങനെ അവൾ രാവിലെവരെ അവന്‍റെ കാല്ക്കൽ കിടന്നു. ഒരു സ്ത്രീ മെതിക്കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പെ അവൾ എഴുന്നേറ്റു. 15 നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ ആറു ഇടങ്ങഴി യവം[b] അതിൽ അളന്നുകൊടുത്തു. അവൾ പട്ടണത്തിലേക്ക് പോയി.
16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: “നിന്‍റെ കാര്യം എന്തായി മകളേ” എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു. 17 അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറു ഇടങ്ങഴി യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു.
18 അതിന് അവൾ: “എന്‍റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല” എന്നു പറഞ്ഞു.
<- രൂത്ത് 2രൂത്ത് 4 ->
Languages