Link to home pageLanguagesLink to all Bible versions on this site

1 എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്ത് പ്രാപിച്ചു എന്നു പറയേണ്ടു? 2 അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് പ്രശംസിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു; എന്നാൽ ദൈവസന്നിധിയിൽ ഇല്ലതാനും, 3 തിരുവെഴുത്ത് എന്ത് പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നു തന്നേ. 4 എന്നാൽ പ്രവർത്തിക്കുന്നവന് പ്രതിഫലം കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ. 5 എന്നാൽ പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നു എങ്കിൽ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. 6 ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നത്:

7 “അധർമ്മം മോചിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.
8 കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ”.
9 ഈ ഭാഗ്യവർണ്ണനം പരിച്ഛേദന ചെയ്തവർക്ക് മാത്രമോ? അതോ ചെയ്യാത്തവർക്കും കൂടെയോ? തന്റെ വിശ്വാസം അബ്രാഹാമിന് നീതിയായി കണക്കിടപ്പെട്ടു എന്നല്ലോ നാം പറയുന്നത്. 10 എപ്പോഴാണ് കണക്കിടപ്പെട്ടത്? പരിച്ഛേദനാകർമ്മത്തിന് മുമ്പോ പിമ്പോ? തീർച്ചയായും പരിച്ഛേദനയ്ക്കു മുൻപു തന്നേ. 11 പരിച്ഛേദനക്കുമുമ്പേ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായിട്ടാണ് പരിച്ഛേദന എന്ന അടയാളം അവന് ലഭിച്ചത്; പരിച്ഛേദനയില്ലാതെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും, 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് പരിച്ഛേദനക്കുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്ക് പിതാവായിരിക്കേണ്ടതിനും തന്നെ. 13 ലോകത്തിന്റെ അവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിയ്ക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയിലൂടെയാണ് ലഭിച്ചത്. 14 എന്നാൽ ന്യായപ്രമാണമുള്ളവരാണ് അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും. 15 ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല. 16 അതുകൊണ്ട് ഇതു കൃപയാൽ എന്നു വരേണ്ടതിന് വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസത്തിൽ നിന്നുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ. 17 മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്നവനായി താൻ വിശ്വാസം അർപ്പിച്ച ദൈവത്തിന്റെ സന്നിധിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന് തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 18 “നിന്റെ സന്തതി ഇപ്രകാരം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് സഹചര്യങ്ങൾക്ക് വിരോധമായി അവൻ ഉറപ്പോടെ ദൈവത്തിൽ വിശ്വസിച്ചു. 19 അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും, സാറായുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. 20 ദൈവത്തിന്റെ വാഗ്ദത്തത്തെ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന് മഹത്വം കൊടുത്തു, 21 ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു അവന് പൂർണ്ണമായി ബോധ്യമുണ്ടായിരുന്നു. 22 അതുകൊണ്ട് അത് അവന് നീതിയായി കണക്കിട്ടു. 23 അവന് കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, 24 നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന 25 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.

<- റോമർ 3റോമർ 5 ->