3 ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. 4 ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; 5 അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. 6 ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്റെ വിശ്വാസത്തിന് ഒത്തവണ്ണം ചെയ്യട്ടെ, 7 ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ, 8 പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ. 9 സ്നേഹം കപടമില്ലാത്തതായിരിക്കട്ടെ; തിന്മയായതിനെ വെറുത്തു നല്ലതിനെ മുറുകെപ്പിടിക്കുവിൻ. 10 സഹോദരസ്നേഹത്തെക്കുറിച്ച്; അന്യോന്യം വാത്സല്യത്തോടെയും, ബഹുമാനിക്കുന്നതിൽ; അന്യോന്യം ആദരിക്കുകയും ചെയ്‌വിൻ. 11 ഉത്സാഹത്തിൽ മടുപ്പില്ലാതെ; ആത്മാവിൽ എരിവുള്ളവരായി; കർത്താവിനെ സേവിപ്പിൻ; 12 ആശയിൽ സന്തോഷിപ്പിൻ; 13 കഷ്ടതയിൽ സഹിഷ്ണത കാണിക്കുവിൻ; പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്‌വിൻ. 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുവിൻ; ശപിക്കാതെ അനുഗ്രഹിക്കുവിൻ. 15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്‌വിൻ. 16 തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്. 17 ആർക്കും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ നന്മ പ്രവൃത്തിപ്പിൻ. 18 കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. 19 പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ