9 അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴ് പാത്രങ്ങൾ ഉണ്ടായിരുന്ന ഏഴ് ദൂതന്മാരിൽ ഒരുവൻ എന്റെ അടുക്കൽ വന്നു പറഞ്ഞത്: “ഇവിടെ വരിക, ഞാൻ കുഞ്ഞാടിന്റെ കാന്തയാകുവാനുള്ള മണവാട്ടിയെ കാണിച്ചുതരാം.” 10 അവൻ എന്നെ ആത്മാവിൽ ഉയർന്നതും വലിയതും ആയ ഒരു മലയിൽ കൊണ്ടുപോയി, വിശുദ്ധ യെരൂശലേമെന്ന വലിയ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന് തന്നേ, ദൈവമഹത്വത്തോടെ ഇറങ്ങി വരുന്നത് എനിക്ക് കാണിച്ചുതന്നു. 11 അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു. 12 അതിന് വലിയ ഉയരമുള്ള മതിലും പന്ത്രണ്ട് വാതിലുകളും, വാതിലുകളിൽ പന്ത്രണ്ട് ദൂതന്മാരും ഉണ്ട്; യിസ്രായേൽ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ വാതിലുകളിൽ കൊത്തീട്ടും ഉണ്ടായിരുന്നു. 13 കിഴക്ക് മൂന്നു വാതിലുകൾ, വടക്കു മൂന്നു വാതിലുകൾ, തെക്ക് മൂന്നു വാതിലുകൾ പടിഞ്ഞാറു മൂന്നു വാതിലുകൾ. 14 നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകളും ഉണ്ട്. 15 എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ വാതിലുകളെയും അതിന്റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു. 16 നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ. 17 അവൻ അതിന്റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിന് തന്നേ. 18 മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. 19 മതിലിന്റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം, 20 അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം. 21 പന്ത്രണ്ട് വാതിലുകളും പന്ത്രണ്ട് മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു. 22 ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ ആലയം ആകുന്നു. 23 ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്‍റെയോ ചന്ദ്രന്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്റെ വിളക്കു ആകുന്നു. 24 രക്ഷിയ്ക്കപ്പെട്ട ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും. 25 അതിന്റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. 26 അവർ ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും. 27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ†ജീവപുസ്തകത്തിൽ പേരില്ലെങ്കിൽ അതിൽ കടക്കുകയില്ല എന്ന അർത്ഥത്തിലാണ് ഈ പ്രയോഗം. അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നുംതന്നെ അതിൽ കടക്കുകയില്ല.
<- വെളിപ്പാട് 20വെളിപ്പാട് 22 ->