Link to home pageLanguagesLink to all Bible versions on this site
17
1 ഏഴ് പാത്രമുള്ള ഏഴ് ദൂതന്മാരിൽ ഒരുവൻ വന്നു എന്നോട് സംസാരിച്ച് പറഞ്ഞത്: “വരിക, ഭൂമിയിലെ രാജാക്കന്മാർ വേശ്യാവൃത്തി ചെയ്ത്, തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ 2 ഭൂവാസികളെ മത്തരാക്കി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്ക് കാണിച്ചുതരാം”. 3 ആ ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്ക് കൊണ്ടുപോയി. അപ്പോൾ ഏഴ് തലകളും പത്തു കൊമ്പുകളും ഉള്ള, ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളൊരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ട്. 4 ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പ് നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി, അവളുടെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. 5 മർമ്മം: മഹതിയാം ബാബിലോൺ; വേശ്യകളുടേയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്. 6 വിശുദ്ധന്മാരുടെ രക്തവും യേശുവിനു വേണ്ടി സാക്ഷികളായവരുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ട്; അവളെ കണ്ടപ്പോൾ, ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടു. 7 ദൂതൻ എന്നോട് പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴ് തലയും പത്തു കൊമ്പും ഉള്ള അവളെ ചുമക്കുന്ന മൃഗത്തിന്റെയും അർത്ഥം ഞാൻ നിനക്ക് വിശദീകരിച്ചു തരാം. 8 നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധഗർത്തത്തിൽനിന്നും കയറി നാശത്തിലേക്കു പോകുവാൻ ഉള്ളതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതപ്പെടാതിരിക്കുന്ന ഭൂവാസികൾ ഒക്കെയും, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ കാണുമ്പോൾ അതിശയിക്കും. 9 ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴ് മലകളാകുന്നു. 10 അവ ഏഴ് രാജാക്കന്മാരും ആകുന്നു; അഞ്ചുരാജാക്കന്മാർ വീണുപോയി; ഒരുവൻ ഉണ്ട്; മറ്റൊരുവൻ ഇതുവരെ വന്നിട്ടില്ല; അവൻ വരുമ്പോൾ, അവന് അല്പകാലം ഇരിക്കേണ്ടിവരും. 11 ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഒരുവനും നാശത്തിലേക്കു പോകുന്നവനും ആകുന്നു. 12 നീ കണ്ട പത്തു കൊമ്പുകളും ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ലാത്ത പത്തു രാജാക്കന്മാർ; എന്നാൽ അവർ മൃഗത്തോടു കൂടെ ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും. 13 ഇവർ ഒരേ മനസ്സുള്ളവർ; അവർ അവരുടെ ശക്തിയും അധികാരവും മൃഗത്തിന് ഏല്പിച്ചുകൊടുക്കും. 14 അവർ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും; എന്നാൽ താൻ കർത്താധികർത്താവും രാജാധിരാജാവും ആയതുകൊണ്ട് കുഞ്ഞാട് അവരുടെ മേൽ ജയംപ്രാപിക്കും. അവനോട് കൂടെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും എന്ന് വിളിക്കപ്പെടും 15 ദൂതൻ എന്നോട് പറഞ്ഞത്: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും ജനങ്ങളും ജാതികളും ഭാഷകളും അത്രേ. 16 നീ കണ്ട മൃഗത്തിന്മേലുള്ള കൊമ്പുകളും വേശ്യയെ വെറുക്കുകയും അവർ അവളെ നിർമ്മൂലവും നഗ്നയുമാക്കി അവളുടെ മാംസം തിന്നുകളയുകയും അവളെ തീകൊണ്ട് ചുട്ടുകളയുകയും ചെയ്യും. 17 ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം, ദൈവഹിതം നടത്തുന്നതിന്, മൃഗത്തിനു ഏല്പിച്ചുകൊടുക്കുവാൻ തക്കവണ്ണം ദൈവം അവരുടെ ഹൃദയങ്ങളിൽ ആലോചന നൽകി. 18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ വാഴുന്ന മഹാനഗരം തന്നേ.

<- വെളിപ്പാട് 16വെളിപ്പാട് 18 ->