Link to home pageLanguagesLink to all Bible versions on this site
11
1 പിന്നെ അളവുകോൽപോലെയുള്ള ഒരു ദണ്ഡ് എനിക്ക് നൽകി. ദൂതൻ നിന്നുകൊണ്ട് എന്നോട് പറഞ്ഞത്: “എഴുന്നേറ്റ് ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ ആരാധിക്കുന്നവരെയും അളക്കുക. 2 എന്നാൽ ആലയത്തിന് പുറത്തുള്ള പ്രാകാരം വിട്ടേക്കുക, അത് അളക്കരുത്; അത് ജാതികൾക്ക് കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ട് മാസം ചവിട്ടി മെതിക്കും. 3 ചണവസ്ത്രം ധരിച്ചുകൊണ്ട് ആയിരത്തിരുനൂറ്ററുപത് ദിവസം പ്രവചിക്കുവാനുള്ള അധികാരം ഞാൻ എന്റെ രണ്ടു സാക്ഷികൾക്കു കൊടുക്കും”. 4 ഇവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലിവുവൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു. 5 ആരെങ്കിലും അവരെ ഉപദ്രവിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെടുകയും അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയുകയും ചെയ്യും; അവരെ ഉപദ്രവിക്കുന്നവൻ ആരായിരുന്നാലും അവൻ ഇങ്ങനെ കൊല്ലപ്പെടേണ്ടിവരും. 6 അവർ പ്രവചിക്കുന്ന കാലത്ത് മഴപെയ്യാതെവണ്ണം ആകാശം അടച്ചുകളയുവാൻ അവർക്ക് അധികാരം ഉണ്ട്. അവർ ആഗ്രഹിക്കുമ്പോഴൊക്കെയും വെള്ളത്തെ രക്തമാക്കുവാനും സകലവിധബാധകൊണ്ട് ഭൂമിയെ ദണ്ഡിപ്പിക്കുവാനും അവർക്ക് അധികാരം ഉണ്ട്. 7 അവർ അവരുടെ സാക്ഷ്യം പൂർത്തീകരിക്കുമ്പോൾ, അഗാധഗർത്തത്തിൽ നിന്നും കയറി വരുന്ന മൃഗം അവർക്കെതിരെ യുദ്ധം ചെയ്യുകയും അവരെ ജയിക്കുകയും കൊല്ലുകയും ചെയ്യും. 8 അവരുടെ ശവശരീരങ്ങൾ നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും പ്രതീകാത്മകമായി സൊദോം എന്നും മിസ്രയീം എന്നും വിളിക്കപ്പടുന്നതുമായ മഹാനഗരത്തിന്റെ തെരുവിൽ കിടക്കും. 9 മൂന്നരദിവസത്തേക്ക് എല്ലാ വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും ജാതികളിലും ഉള്ളവർ അവരുടെ മൃതശരീരങ്ങൾ കാണുകയും അവരുടെ ശവങ്ങൾ കല്ലറയിൽ അടക്കുവാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. 10 ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ ജീവിച്ചിരുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ട് ഭൂവാസികൾ അവർ നിമിത്തം സന്തോഷിക്കുകയും ആനന്ദഘോഷം നടത്തുകയും അന്യോന്യം സമ്മാനങ്ങൾ കൊടുത്തയയ്ക്കുകയും ചെയ്യും. 11 എന്നാൽ മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്നുള്ള ജീവന്റെ ആത്മാവ് അവരിൽ പ്രവേശിച്ച് അവർ കാൽ ഊന്നിനിന്നു. അവരെ കണ്ടവർക്കെല്ലാം വലിയ ഭയം ഉണ്ടായി. 12 അപ്പോൾ “ഇവിടെ കയറിവരുവിൻ!” എന്നു സ്വർഗ്ഗത്തിൽനിന്ന് ഒരു മഹാശബ്ദം അവരോട് പറയുന്നത് അവർ കേട്ട്. അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്ക് കയറി. 13 ആ നാഴികയിൽ തന്നെ അവിടെ വലിയൊരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്ന് തകർന്നുപോയി; ഭൂകമ്പത്തിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു; ശേഷമുള്ളവർ ഭയപരവശരാവുകയും സ്വർഗ്ഗത്തിലെ ദൈവത്തിന് മഹത്വം കൊടുക്കുകയും ചെയ്തു.

14 രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; ജാഗ്രതയായിരിക്ക! മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.

15 പിന്നെ ഏഴാമത്തെ ദൂതൻ കാഹളം ഊതി: “ലോകരാജ്യങ്ങൾ നമ്മുടെ കർത്താവിന്റെയും അവന്റെ ക്രിസ്തുവിന്റെയും രാജ്യങ്ങൾ ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്നു സ്വർഗ്ഗത്തിൽ മഹാഘോഷം ഉണ്ടായി. 16 അപ്പോൾ ദൈവമുമ്പാകെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചുകൊണ്ട് 17 പറഞ്ഞത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവമേ, നീ നിന്റെ മഹാശക്തിയോടെ വാഴ്ച ആരംഭിച്ചതിനാൽ ഞങ്ങൾ നിനക്ക് നന്ദി കരേറ്റുന്നു. 18 ജാതികൾ കോപിച്ചു: എന്നാൽ നിന്റെ ക്രോധം വന്നിരിക്കുന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും നിന്നെ ഭയപ്പെടുന്ന ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം കൊടുക്കുവാനുള്ള സമയവും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുവാൻ ഉള്ള നിന്റെ സമയവും വന്നിരിക്കുന്നു.

19 അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ കാണപ്പെടുകയും ചെയ്തു; അവിടെ മിന്നലുകളും ശബ്ദകോലാഹലങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കൊടുങ്കാറ്റും ഉണ്ടായി.

<- വെളിപ്പാട് 10വെളിപ്പാട് 12 ->