Link to home pageLanguagesLink to all Bible versions on this site
91
സംരക്ഷകനായ ദൈവം
 
1 അത്യുന്നതനായ ദൈവത്തിന്‍റെ മറവിൽ വസിക്കുകയും
സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
2 യഹോവയെക്കുറിച്ച്: “അവിടുന്ന് എന്‍റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും” എന്നു പറയുന്നു.
3 ദൈവം നിന്നെ വേട്ടക്കാരന്‍റെ കെണിയിൽ നിന്നും
മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.
4 തന്‍റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും;
അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;
അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആകുന്നു.
5 രാത്രിയിലെ ഭീകരതയും
പകൽ പറന്നുവരുന്ന അമ്പുകളും
6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും
ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.
 
7 നിന്‍റെ വശത്ത് ആയിരം പേരും
നിന്‍റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം,
എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.
8 നിന്‍റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി
ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.
 
9 എന്‍റെ സങ്കേതമായ യഹോവയെ,
അത്യുന്നതനായവനെത്തന്നെ, നീ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,
10 ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല;
ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുത്തുവരുകയില്ല.
 
11 നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന്
കർത്താവ് നിന്നെക്കുറിച്ച് തന്‍റെ ദൂതന്മാരോട് കല്പിക്കും;
12 നിന്‍റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന്
അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
13 സിംഹത്തെയും അണലിയെയും നീ ചവിട്ടും;
ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
 
14 “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും;
അവൻ എന്‍റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും;
കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും;
ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.
16 ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും;
എന്‍റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.

<- സങ്കീർത്തനങ്ങൾ 90സങ്കീർത്തനങ്ങൾ 92 ->