Link to home pageLanguagesLink to all Bible versions on this site
83
ശത്രുക്കളുടെ പതനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന
ആസാഫിന്‍റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
 
1 ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ;
ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
2 ഇതാ, അങ്ങേയുടെ ശത്രുക്കൾ കലഹിക്കുന്നു;
അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.
3 അവർ അങ്ങേയുടെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കുകയും
അങ്ങേക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.
4 “വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക.
അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്നു അവർ പറഞ്ഞു.
5 അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു,
അങ്ങേക്കു വിരോധമായി സഖ്യം ചെയ്യുന്നു.
6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും
മോവാബ്യരും ഹഗര്യരും,
7 ഗെബാലും അമ്മോനും അമാലേക്കും,
ഫെലിസ്ത്യദേശവും സോർനിവാസികളും;
8 അശ്ശൂരും അവരോട് യോജിച്ചു;
അവർ ലോത്തിന്‍റെ മക്കൾക്ക് സഹായമായിരുന്നു.
സേലാ.
 
9 മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യേണമേ;
കീശോൻതോട്ടിനരികിൽ വച്ചു സീസെരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.
10 അവർ ഏൻ-ദോരിൽവച്ച് നശിച്ചുപോയി;
അവർ നിലത്തിന് വളമായിത്തീർന്നു.
11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും
അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കേണമേ.
12 “നാം ദൈവത്തിന്‍റെ നിവാസങ്ങളെ
നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്നു അവർ പറഞ്ഞുവല്ലോ.
 
13 എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും
കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.
14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും
പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
15 അങ്ങേയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ;
അങ്ങേയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ.
16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്
അങ്ങ് അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.
17 അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും
നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ.
18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള അങ്ങ് മാത്രം
സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും.

<- സങ്കീർത്തനങ്ങൾ 82സങ്കീർത്തനങ്ങൾ 84 ->