Link to home pageLanguagesLink to all Bible versions on this site
79
ആസാഫിന്റെ ഒരു സങ്കീർത്തനം.
1 ദൈവമേ, ജനതതികൾ അങ്ങയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു;
അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും
യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
2 അവർ അങ്ങയുടെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും
അങ്ങയുടെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു.
3 അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു;
അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല.
4 ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും
ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
5 യഹോവേ, അവിടുന്ന് സദാ കോപിക്കുന്നതും
അങ്ങയുടെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
6 അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും
അവിടുത്തെ ക്രോധം പകരണമേ.
7 അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും
അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ.
8 ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ;
അങ്ങയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ;
ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
9 ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;
അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്,
ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെ.
10 “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നത് എന്തിന്?
അങ്ങയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം
ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
11 ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങയുടെ മുമ്പാകെ വരുമാറാകട്ടെ;
മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങയുടെ മഹാശക്തിയാൽ രക്ഷിക്കണമേ.
12 കർത്താവേ, ഞങ്ങളുടെ അയല്ക്കാർ അങ്ങയെ നിന്ദിച്ച നിന്ദ
ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ.
13 എന്നാൽ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ
എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.
തലമുറതലമുറയോളം ഞങ്ങൾ അങ്ങയുടെ സ്തുതിയെ പ്രസ്താവിക്കും.

<- സങ്കീർത്തനങ്ങൾ 78സങ്കീർത്തനങ്ങൾ 80 ->