Link to home pageLanguagesLink to all Bible versions on this site
77
ആശ്വാസം നല്കുന്ന ദൈവം
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീർത്തനം.
 
1 ഞാൻ എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോട്,
എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും;
അവിടുന്ന് എന്‍റെ നിലവിളി ശ്രദ്ധിക്കും.
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,
രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു;
എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു.
3 ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു.
ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു.
സേലാ.
 
4 അങ്ങ് എന്‍റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു;
സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
5 ഞാൻ പൂർവ്വദിവസങ്ങളെയും
പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.
6 എന്‍റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; [a]
എന്‍റെ ആത്മാവും ശോധന കഴിക്കുന്നു[b].
7 കർത്താവ് എന്നേക്കും തള്ളിക്കളയുമോ?
ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?
8 കർത്താവിന്‍റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?
ദൈവത്തിന്‍റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്‍ക്കാതെ പോയോ?
9 ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ?
അവിടുന്ന് കോപത്തിൽ തന്‍റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ?
സേലാ.
 
10 “എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു;
അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്നു ഞാൻ പറഞ്ഞു.
11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;
പണ്ടേയുള്ള അങ്ങേയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
12 ഞാൻ അങ്ങേയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും;
അങ്ങേയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.
13 ദൈവമേ, അങ്ങേയുടെ വഴി വിശുദ്ധമാകുന്നു[c];
നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
14 അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;
അങ്ങേയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15 തൃക്കൈകൊണ്ട് അങ്ങ് അങ്ങേയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;
യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെ തന്നെ.
സേലാ.
 
16 ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു,
സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു,
ആഴികളും വിറച്ചുപോയി.
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;
ആകാശം ഇടിനാദം മുഴക്കി;
അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു.
18 അങ്ങേയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;
മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;
ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19 അങ്ങേയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
അങ്ങേയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
20 മോശെയുടെയും അഹരോന്‍റെയും കയ്യാൽ
അങ്ങ് അങ്ങേയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.

<- സങ്കീർത്തനങ്ങൾ 76സങ്കീർത്തനങ്ങൾ 78 ->