Link to home pageLanguagesLink to all Bible versions on this site
33
1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;
സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?.
2 കിന്നരം കൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;
പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ.
3 കർത്താവിന് പുതിയ പാട്ടുപാടുവിൻ;
ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ.
4 യഹോവയുടെ വചനം നേരുള്ളത്;
കർത്താവിന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.
5 കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
6 യഹോവയുടെ വചനത്താൽ ആകാശവും
അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
7 കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;
അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;
ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ.
9 കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;
അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി.
10 യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു;
വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു.
11 യഹോവയുടെ ആലോചന ശാശ്വതമായും
അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.
12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും
അവിടുന്ന് തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.
13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;
മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.
14 അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു.
15 കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;
അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു.
16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;
ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല.
17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു;
തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല.
18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും
തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
19 അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും
ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.
20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു.
21 കർത്താവിന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ
നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും.
22 യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ
അങ്ങയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

<- സങ്കീർത്തനങ്ങൾ 32സങ്കീർത്തനങ്ങൾ 34 ->