Link to home pageLanguagesLink to all Bible versions on this site
28
സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
 
1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
എന്‍റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ;
അവിടുന്ന് മിണ്ടാതിരുന്നിട്ട്,
ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ.
2 ഞാൻ എന്‍റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി
അങ്ങേയോട് നിലവിളിക്കുമ്പോൾ എന്‍റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
 
3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ;
അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു;
എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.
4 അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കേണമേ;
അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യേണമേ;
അവർക്ക് തക്ക പ്രതിഫലം കൊടുക്കേണമേ;
5 യഹോവയുടെ പ്രവൃത്തികളെയും അവിടുത്തെ കൈവേലയെയും
അവർ തിരിച്ചറിയായ്കകൊണ്ട് കർത്താവ് അവരെ പണിയാതെ ഇടിച്ചുകളയും.
 
6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ;
കർത്താവ് എന്‍റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7 യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു;
എന്‍റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു;
അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു;
ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു.
 
8 യഹോവ തന്‍റെ ജനത്തിന്‍റെ ബലമാകുന്നു;
തന്‍റെ അഭിഷിക്തന് അവിടുന്ന് രക്ഷാദുർഗ്ഗം തന്നെ.
9 അങ്ങേയുടെ ജനത്തെ രക്ഷിച്ചു അങ്ങേയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ;
അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.

<- സങ്കീർത്തനങ്ങൾ 27സങ്കീർത്തനങ്ങൾ 29 ->