Link to home pageLanguagesLink to all Bible versions on this site
27
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
2 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്ടത പ്രവർത്തിക്കുന്നവർ
എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.
3 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും
എന്റെ ഹൃദയം ഭയപ്പെടുകയില്ല;
എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
4 ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു;
യഹോവയുടെ സൗന്ദര്യം കാണുവാനും അവിടുത്തെ മന്ദിരത്തിൽ ധ്യാനിക്കുവാനും
എന്റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.
5 അനർത്ഥദിവസത്തിൽ കർത്താവ് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;
തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും;
പാറമേൽ എന്നെ ഉയർത്തും.
6 ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്റെ തല ഉയർന്നിരിക്കും;
കർത്താവിന്റെ കൂടാരത്തിൽ ഞാൻ ജയഘോഷയാഗങ്ങൾ അർപ്പിക്കും;
ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും.
7 യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ;
എന്നോട് കൃപ ചെയ്ത് എനിക്ക് ഉത്തരമരുളണമേ.
8 “എന്റെ മുഖം അന്വേഷിക്കുക” എന്ന് അങ്ങയിൽനിന്ന് കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു;
യഹോവേ, ഞാൻ തിരുമുഖം അന്വേഷിക്കുന്നു.
9 തിരുമുഖം എനിക്ക് മറയ്ക്കരുതേ;
അടിയനെ കോപത്തോടെ തള്ളിക്കളയരുതേ;
അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു;
എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.
10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും
കർത്താവ് എന്നെ ചേർത്തുകൊള്ളും.
11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ;
എന്റെ ശത്രുക്കൾ നിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തണമേ.
12 എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ;
ക്രൂരത പ്രവർത്തിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.
13 ഞാൻ ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ നന്മ കാണും എന്ന് വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം!
14 യഹോവയിൽ പ്രത്യാശവക്കുക; ധൈര്യപ്പെട്ടിരിക്കുക;
നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ;
അതേ, യഹോവയിൽ പ്രത്യാശവക്കുക.

<- സങ്കീർത്തനങ്ങൾ 26സങ്കീർത്തനങ്ങൾ 28 ->