Link to home pageLanguagesLink to all Bible versions on this site
26
നിഷ്കളങ്കന്‍റെ പ്രാര്‍ത്ഥന
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
 
1 യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ;
ഞാൻ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു;
ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2 യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യേണമേ;
എന്‍റെ മനസ്സും എന്‍റെ ഹൃദയവും പരിശോധിക്കേണമേ.
3 അങ്ങേയുടെ ദയ എന്‍റെ കണ്മുമ്പിൽ ഇരിക്കുന്നു;
അങ്ങേയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
 
4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;
കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;
ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
 
6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും
നിന്‍റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
7 ഞാൻ നിഷ്ക്കളങ്കതയിൽ എന്‍റെ കൈകൾ കഴുകുന്നു;
യഹോവേ, ഞാൻ അങ്ങേയുടെ യാഗപീഠം വലംവയ്ക്കുന്നു.
 
8 യഹോവേ, അങ്ങേയുടെ ആലയമായ വാസസ്ഥലവും
അങ്ങേയുടെ മഹത്വത്തിന്‍റെ നിവാസവും എനിക്ക് പ്രിയമാകുന്നു.
9 പാപികളോടുകൂടി എന്‍റെ പ്രാണനെയും
രക്തദാഹികളോടുകൂടി എന്‍റെ ജീവനെയും സംഹരിച്ചുകളയരുതേ.
10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;
അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.
 
11 ഞാനോ, എന്‍റെ നിഷ്കളങ്കതയിൽ നടക്കും;
എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യേണമേ.
12 എന്‍റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;
സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

<- സങ്കീർത്തനങ്ങൾ 25സങ്കീർത്തനങ്ങൾ 27 ->