Link to home pageLanguagesLink to all Bible versions on this site
24
മഹത്വത്തിന്‍റെ രാജാവ്
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
 
1 ഭൂമിയും അതിന്‍റെ പൂർണ്ണതയും
ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
2 സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.
 
3 യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും[a]?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും[b]?
4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
5 അവൻ യഹോവയോട് അനുഗ്രഹവും
തന്‍റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
6 ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ.
സേലാ.
 
7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.
8 മഹത്വത്തിന്‍റെ രാജാവ് ആര്‍?
ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.
10 മഹത്വത്തിന്‍റെ രാജാവ് ആര്‍?
സൈന്യങ്ങളുടെ യഹോവ തന്നെ;
അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്.
സേലാ.