Link to home pageLanguagesLink to all Bible versions on this site
102
അരിഷ്ടന്റെ പ്രാർത്ഥന; അവൻ ക്ഷീണിച്ച് യഹോവയുടെ മുൻപാകെ തന്റെ സങ്കടം പകരുമ്പോൾ സമർപ്പിച്ചത്.
1 യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ;
എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
2 കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ;
അങ്ങയുടെ ചെവി എങ്കലേക്ക് ചായിക്കണമേ;
ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
3 എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;
എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
4 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;
ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു.
5 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽ*വേഴാമ്പൽ കഴുകന്‍ അല്ലെങ്കില്‍ മൂങ്ങ പോലെ ആകുന്നു;
ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ.
7 ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു;
വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
8 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;
എന്നോട് ചീറുന്നവർ എന്റെ പേര് ചൊല്ലി ശപിക്കുന്നു.
9 ഞാൻ അപ്പം പോലെ ചാരം തിന്നുന്നു;
എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
10 അങ്ങയുടെ കോപവും ക്രോധവും ഹേതുവായി തന്നെ;
അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.
11 എന്റെ ആയുസ്സിന്റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു;
ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
12 യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ;
അങ്ങയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
13 അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും;
അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു.
14 അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും
അവളുടെ പൂഴിയോട് അലിവും തോന്നുന്നു.
15 യഹോവ സീയോനെ പണിയുകയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും
16 കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും
അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട്
17 ജനതകൾ യഹോവയുടെ നാമത്തെയും
ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയുടെ മഹത്വത്തെയും ഭയപ്പെടും.
18 വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും;
സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
19 യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടിവന്നപ്പോൾ
20 സീയോനിൽ യഹോവയുടെ നാമത്തെയും
യെരൂശലേമിൽ അവിടുത്തെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും
21 ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും
മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും
22 യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു നോക്കി;
സ്വർഗ്ഗത്തിൽനിന്ന് ഭൂമിയെ തൃക്കൺപാർത്തുവല്ലോ.
23 ദൈവം ആയുസ്സിന്റെ മധ്യത്തില്‍ വെച്ച്ദൈവം ആയുസ്സിന്റെ മധ്യത്തില്‍ വെച്ച് ദൈവം വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു;
അവിടുന്ന് എന്റെ നാളുകൾ ചുരുക്കിയിരിക്കുന്നു.
24 “എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്ന് ഞാൻ പറഞ്ഞു;
അങ്ങയുടെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
25 പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു;
ആകാശം അങ്ങയുടെ കൈകളുടെ പ്രവൃത്തി ആകുന്നു.
26 അവ നശിക്കും അവിടുന്ന് നിലനില്ക്കും;
അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും.
27 അവിടുന്ന് അനന്യനാകുന്നു;
അങ്ങയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല.
28 അങ്ങയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;
അവരുടെ സന്തതി അങ്ങയുടെ സന്നിധിയിൽ നിലനില്ക്കും.

<- സങ്കീർത്തനങ്ങൾ 101സങ്കീർത്തനങ്ങൾ 103 ->