1 മകനേ, എന്റെ ഉപദേശം മറക്കരുത്;
നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ.
2 അവ ദീർഘായുസ്സും ജീവകാലവും
സമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും.
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;
അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക;
നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക.
4 അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;
സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.
6 നിന്റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക;
അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും;
7 നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്;
യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക.
8 അത് നിന്റെ നാഭിക്ക് ആരോഗ്യവും
അസ്ഥികൾക്ക് തണുപ്പും ആയിരിക്കും.
9 യഹോവയെ നിന്റെ ധനംകൊണ്ടും
എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക.
10 അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
11 മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്;
അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.
12 അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ
യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.
14 അതിന്റെ ആദായം വെള്ളിയെക്കാളും
അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്.
15 അത് മുത്തുകളിലും വിലയേറിയത്;
നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല.
16 അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും
ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
17 അതിന്റെ വഴികൾ സന്തുഷ്ടവും
അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
18 അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം;
അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;
വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു.
20 അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;
മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.
21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക;
അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്.
22 അവ നിനക്ക് ജീവനും
നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;
നിന്റെ കാൽ ഇടറുകയുമില്ല.
24 നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല;
കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
25 പെട്ടെന്നുള്ള വിപത്ത് ഹേതുവായും
ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
26 യഹോവ നിന്റെ ആശ്രയമായിരിക്കും;
അവിടുന്ന് നിന്റെ കാൽ കെണിയിൽപ്പെടാതെ കാക്കും.
27 നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ
അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.
28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:
“പോയിവരുക, നാളെത്തരാം” എന്ന് പറയരുത്.
29 കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ,
അവന്റെനേരെ ദോഷം നിരൂപിക്കരുത്.
30 നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട്
നീ വെറുതെ കലഹിക്കരുത്.
31 സാഹസക്കാരനോട് നീ അസൂയപ്പെടരുത്;
അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.
32 വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്.
33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്;
നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു.
34 പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു;
എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു.
35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;