Link to home pageLanguagesLink to all Bible versions on this site
27
1 നാളെയെച്ചൊല്ലി പ്രശംസിക്കരുത്;
ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.
2 നിന്റെ വായല്ല മറ്റൊരുത്തൻ,
നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.
3 കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;
ഒരു ഭോഷന്റെ നീരസം ഇവ രണ്ടിലും ഘനമേറിയത്.
4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;
ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കും?
5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്.
6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;
ശത്രുവിന്റെ ചുംബനങ്ങൾ വഞ്ചനാപൂർണ്ണം.
7 തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;
വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം.
8 കൂടുവിട്ടലയുന്ന പക്ഷിയും
നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
സ്നേഹിതന്റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ.
10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്;
നിന്റെ കഷ്ടകാലത്ത് സഹോദരന്റെ വീട്ടിൽ പോകുകയും അരുത്;
ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്.
11 മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന്
നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.
12 വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികളോ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.
13 അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക;
പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക.
14 അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ
ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും.
15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും
കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
16 അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു;
തന്റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ.
17 ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു;
മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു.
18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും;
യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
19 വെള്ളത്തിൽ മുഖത്തിന്റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ;
മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു.
20 പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല;
മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല*മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തി വരുന്നില്ല.
21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന;
മനുഷ്യനോ അവന്റെ പ്രശംസ.
22 ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും
അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.
23 നിന്റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക;
നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവക്കുക.
24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ;
കിരീടം തലമുറതലമുറയോളം ഇരിക്കുമോ?
25 പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു;
പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
26 കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും
കോലാടുകൾ നിലത്തിന്റെ വിലയ്ക്കും പ്രയോജനപ്പെടും.
27 കോലാടുകളുടെ പാല് നിന്റെ ആഹാരത്തിനും
നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും
നിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

<- സദൃശവാക്യങ്ങൾ 26സദൃശവാക്യങ്ങൾ 28 ->