Link to home pageLanguagesLink to all Bible versions on this site
 
18
1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു;
സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
 
2 തന്‍റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ
മൂഢന് വിവേകത്തിൽ താത്പര്യമില്ല.
 
3 ദുഷ്ടനോടുകൂടി അപമാനവും
ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു.
 
4 മനുഷ്യന്‍റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും
ജ്ഞാനത്തിന്‍റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
 
5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്
ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നത് നല്ലതല്ല.
 
6 മൂഢന്‍റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു;
അവന്‍റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.
 
7 മൂഢന്‍റെ വായ് അവന് നാശം;
അവന്‍റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി.
 
8 ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു;
അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു.
 
9 വേലയിൽ മടിയനായവൻ
മുടിയന്‍റെ സഹോദരൻ.
 
10 യഹോവയുടെ നാമം ബലമുള്ള ഗോപുരം;
നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
 
11 ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള പട്ടണം;
അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.
 
12 നാശത്തിന് മുമ്പ് മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു;
മാനത്തിന് മുമ്പെ താഴ്മ.
 
13 കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന്
അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
 
14 പുരുഷന്‍റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു;
തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം?
 
15 ബുദ്ധിമാന്‍റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു;
ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
 
16 മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും;
അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
 
17 തന്‍റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും;
എന്നാൽ അവന്‍റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം.
 
18 നറുക്ക് തർക്കങ്ങൾ തീർക്കുകയും
ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു.
 
19 ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു;
അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു.
 
20 വായുടെ ഫലത്താൽ മനുഷ്യന്‍റെ ഉദരം നിറയും;
അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും;
 
21 മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു;
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും.
 
22 ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു;
യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു.
 
23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു;
ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
 
24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും;
എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.

<- സദൃശവാക്യങ്ങൾ 17സദൃശവാക്യങ്ങൾ 19 ->