5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽ മക്കളോട് കല്പിച്ചത്: “യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നെ. 6 യഹോവ സെലോഫെഹാദിൻ്റെ പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ.’ 7 യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവനവന്‍റെ പിതൃഗോത്രത്തിൻ്റെ അവകാശത്തോട് ചേർന്നിരിക്കേണം; 8 യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന് യിസ്രായേൽമക്കളിലെ ഏതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുവന് ഭാര്യയാകേണം. 9 അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറാതെ യിസ്രായേൽ മക്കളുടെ ഗോത്രങ്ങളിൽ ഓരോ വ്യക്തിയും അവന്‍റെ അവകാശത്തോട് ചേർന്നിരിക്കേണം.”
10 യഹോവ മോശെയോട് കല്പിച്ചതുപോലെ സെലോഫെഹാദിൻ്റെ പുത്രിമാർ ചെയ്തു. 11 സെലോഫെഹാദിൻ്റെ പുത്രിമാരായ മഹ്ലാ, തിർസ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ പുത്രന്മാർക്ക് ഭാര്യമാരായി. 12 യോസേഫിന്‍റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകുകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിൻ്റെ ഗോത്രത്തിൽതന്നെ ഇരിക്കുകയും ചെയ്തു.
13 യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.
<- സംഖ്യാപുസ്തകം 35
Languages