Link to home pageLanguagesLink to all Bible versions on this site

1 സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. 2 യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ. 3 അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. 4 രഥങ്ങൾ തെരുവുകളിൽ പായുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു. 5 അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു. 6 നദികൾ തുറന്നുവിട്ടിരിക്കുന്നു; രാജമന്ദിരം തകർന്നുപോകുന്നു. 7 അത് തീരുമാനിച്ചിരിക്കുന്നു; അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു. 8 നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: “നില്‍ക്കുവിൻ, നില്‍ക്കുവിൻ!” എന്ന് വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. 9 വെള്ളി കൊള്ളയിടുവിൻ; പൊന്ന് കൊള്ളയിടുവിൻ; സമ്പത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്. 10 അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലായിടത്തും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. 11 ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചിൽപ്പുറവും എവിടെ? 12 സിംഹം തന്റെ കുട്ടികൾക്ക് മതിയാകുവോളം കടിച്ചുകീറിവയ്ക്കുകയും സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഒളിയിടങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു. 13 “ഞാൻ നിന്റെനേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

<- നഹൂം 1നഹൂം 3 ->