11 അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി. 12 അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു, 13 പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്ക് കടന്നു.
14 ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നുപോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. 15 അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി. 16 നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു. 17 അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? 18 കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ? 19 അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു. 20 നാലായിരംപേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു. 21 പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു.