Link to home pageLanguagesLink to all Bible versions on this site
5
ബേത്ലേഹേമിൽനിന്ന് ഒരു രാജാവു വരുന്നു
 
1 ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ,
പടക്കൂട്ടമായി കൂടുക;
അവൻ നമ്മുടെനേരെ അണിനിരത്തുന്നു;
യിസ്രായേലിന്‍റെ ന്യായാധിപതിയെ
അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
2 നീയോ, ബേത്ലേഹേം എഫ്രാത്തേ,
നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും
യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ
എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും;
അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും
പുരാതനമായതും തന്നെ.
3 അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം
അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും;
അവന്‍റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ
യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും.
4 എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും
തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്‍റെ മഹിമയോടും കൂടി
നിന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കും;
അവർ നിർഭയം വസിക്കും;
അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5 അവിടുന്ന് സമാധാനമാകും;
അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ
അരമനകളിൽ ചവിട്ടുമ്പോൾ
നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും
എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
6 അവർ അശ്ശൂർദേശത്തെയും അതിന്‍റെ പ്രവേശനങ്ങളിൽവച്ച്
നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും;
അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ
അതിരുകളിൽ ചവിട്ടുമ്പോൾ
അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും.
7 യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ
യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും,
മനുഷ്യനായി കാത്തുനിൽക്കുകയോ
മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ
പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
8 യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ,
അനേകവംശങ്ങളുടെ ഇടയിൽ തന്നെ,
കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും
ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും;
അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും;
വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.
9 നിന്‍റെ കൈ നിന്‍റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും;
നിന്‍റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
 
10 “ആ നാളിൽ ഞാൻ നിന്‍റെ കുതിരകളെ
നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും;
നിന്‍റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും”
എന്നു യഹോവയുടെ അരുളപ്പാട്.
11 ഞാൻ നിന്‍റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും
നിന്‍റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും.
12 ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്‍റെ കയ്യിൽനിന്ന് ഛേദിച്ചുകളയും;
ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല.
13 ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും
നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും;
നീ ഇനി നിന്‍റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല.
14 ഞാൻ നിന്‍റെ അശേരാപ്രതിഷ്ഠകളെ
നിന്‍റെ നടുവിൽനിന്ന് പറിച്ചുകളയുകയും
നിന്‍റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും.
15 ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം
കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.

<- മീഖാ 4മീഖാ 6 ->