21
യേശുവിന്റെ രാജകീയ നഗര പ്രവേശനം
1 അനന്തരം യേശുവും ശിഷ്യന്മാരും യെരൂശലേമിനു സമീപം ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: 2 നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്റെ അടുത്തു കൊണ്ടുവരുവിൻ. 3 നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു.
4 “സീയോൻ പുത്രിയോട്: ഇതാ, നിന്റെ രാജാവ് സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
5 എന്നിങ്ങനെ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. 6 ശിഷ്യന്മാർ പുറപ്പെട്ടു യേശു നിർദ്ദേശിച്ചതുപോലെ ചെയ്തു, 7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ട്; യേശു കയറി ഇരുന്നു. 8 പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി. 9 മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: ദാവീദ് പുത്രന് ഹോശന്നാ; *ദൈവം വാഴ്ത്തപ്പെടുമാറകട്ടെ. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. 10 അവൻ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു. 11 ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
ദൈവാലയ ശുദ്ധീകരണം
12 പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ച്, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു 13 അവൻ അവരോട്: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. 14 കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൌഖ്യമാക്കി. 15 എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി; 16 ഇവർ പറയുന്നത് കേൾക്കുന്നുവോ എന്നു അവനോട് ചോദിച്ചു. യേശു അവരോട് “ഉവ്വ്! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. 17 പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്ന് പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രിപാർത്തു.
യേശുവും ഫലമില്ലാത്ത അത്തിവൃക്ഷവും
18 രാവിലെ നഗരത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയം അവന് വിശന്നു. 19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്; അടുക്കൽ ചെന്ന്, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. 20 ശിഷ്യന്മാർ അത് കണ്ടപ്പോൾ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. 21 അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്ക് ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 22 നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
യേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു
23 അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നതു ആർ എന്നു ചോദിച്ചു. 24 യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും. 25 യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും; 26 മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു. 27 എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല.
പിതാവിന്റെ ഇഷ്ടം ചെയ്യുന്ന മകന്റെ ഉപമ
28 എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്ന്: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. 29 എനിക്ക് മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. 30 രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെ തന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു; എന്നാൽ പോയില്ലതാനും. 31 ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു. 32 യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അത് കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
ഗൃഹസ്ഥനായൊരു മനുഷ്യന്റെ ഉപമ
33 മറ്റൊരു ഉപമ കേൾക്കുവിൻ ധാരാളം ഭൂപ്രദേശമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്ക് കുഴിച്ചിട്ട്, ഗോപുരവും പണിതു; പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പിച്ചിട്ട് മറ്റൊരു ദേശത്തുപോയി. 34 മുന്തിരിവിളവ് എടുക്കുന്ന കാലം സമീപിച്ചപ്പോൾ തനിക്കുള്ള വിളവ് വാങ്ങുവാനായി അവൻ ദാസന്മാരെ മുന്തിരി കൃഷിക്കാരുടെ അടുക്കൽ അയച്ചു. 35 മുന്തിരി കൃഷിക്കാർ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. 36 അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു. 37 ഒടുവിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമ: എന്റെ മകനെ അവർ ബഹുമാനിക്കും എന്നു പറഞ്ഞു, സ്വന്തമകനെ അവരുടെ അടുക്കൽ അയച്ചു. 38 മകനെ കണ്ടിട്ട് മുന്തിരി കൃഷിക്കാർ: ഇവനാണ് അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, 39 അവനെ പിടിച്ച് തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു. 40 ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്ത് ചെയ്യും? 41 മുന്തിരിത്തോട്ടത്തിന്റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും എന്നു അവർ അവനോട് പറഞ്ഞു. 42 യേശു അവരോട്:
“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു”
എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? 43 അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതികള്‍ക്ക് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 44 ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. 45 അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ട്, തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ്, 46 അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു കരുതുകയാൽ അവരെ ഭയപ്പെട്ടു.
<- മത്തായി 20മത്തായി 22 ->
*21. 9 ദൈവം വാഴ്ത്തപ്പെടുമാറകട്ടെ.