15
ദൈവകൽപ്പനയോ മാനുഷിക സമ്പ്രദായമോ?
1 അതിനുശേഷം യെരൂശലേമിൽ നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു: 2 നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത്? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു 3 അവൻ അവരോട് ഉത്തരം പറഞ്ഞത്:നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? 4 അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം എന്നും ദൈവം കല്പിച്ചുവല്ലോ. 5 എന്നാൽ നിങ്ങൾ പറയുന്നു ആരെങ്കിലും അപ്പനോടോ, അമ്മയോടോ: നിനക്ക് എന്നിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം എല്ലാം ദൈവത്തിന് വഴിപാടായി അർപ്പിച്ചു എന്നു പറഞ്ഞാൽ 6 അവൻ അപ്പനെ ബഹുമാനിക്കേണ്ടതായ ആവശ്യമില്ലായെന്ന് പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായം നിമിത്തം ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു. 7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ച് യെശയ്യാവു:
8 “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെവിട്ടു അകന്നിരിക്കുന്നു. 9 മാനുഷകല്പനകളെ അവരുടെ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ വ്യർത്ഥമായി ആരാധിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചിരിക്കുന്നത് ഒത്തിരിക്കുന്നു.
മനുഷ്യന് അശുദ്ധി വരുത്തുന്നത്
10 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട് പറഞ്ഞത്: കേട്ട് ഗ്രഹിച്ചുകൊൾവിൻ. 11 വായ്ക്കകത്തു പ്രവേശിക്കുന്നത് മനുഷ്യനെ അശുദ്ധനാക്കുന്നില്ല, മറിച്ച് വായിൽനിന്നു പുറപ്പെടുന്നതത്രേ; മനുഷ്യനെ അശുദ്ധനാക്കുന്നത്. 12 അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ പ്രസ്താവന കേട്ട് ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു. 13 അതിന് അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. 14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു. 15 പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ച് തരണം എന്നു പറഞ്ഞു. 16 അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? 17 വായ്ക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ട് മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? 18 വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്ന് വരുന്നു; അത് മനുഷ്യനെ അശുദ്ധമാക്കുന്നു. 19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. 20 മനുഷ്യനെ അശുദ്ധമാക്കുന്നത് ഈ കാര്യങ്ങളത്രേ; കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
കനാന്യസ്ത്രീയുടെ വലിയ വിശ്വാസം
21 യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്ക് പിൻവാങ്ങിപ്പോയി. 22 ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്നു, അവനോട്: കർത്താവേ, ദാവീദ് പുത്രാ, എന്നോട് കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു ഉറക്കെ നിലവിളിച്ചുപറഞ്ഞു. 23 അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ട് വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോട് അപേക്ഷിച്ചു. 24 അതിന് അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു. 25 എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. 26 അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല എന്നു ഉത്തരം പറഞ്ഞു. 27 അതിന് അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന ചില നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. 28 യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്ക് ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികയിൽത്തന്നെ അവളുടെ മകൾക്കു സൌഖ്യംവന്നു.
യേശു അനേകരെ സൗഖ്യമാക്കുന്നു
29 യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്ന് മലയിൽ കയറി അവിടെ ഇരുന്നു. 30 വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നു; അവർ മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായവരെയും മറ്റു പലരോഗികളേയും അവന്റെ അടുക്കൽ, അവന്റെ പാദപീഠത്തിൽതന്നെ കൊണ്ടുവന്നു; അവൻ അവരെ സൌഖ്യമാക്കി. 31 ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
യേശു നാലായിരംപേരെ പോഷിപ്പിക്കുന്നു
32 എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. 33 ശിഷ്യന്മാർ അവനോട്: ഇത്രവലിയ പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ആവശ്യമായ അപ്പം ഈ വിജനമായ സ്ഥലത്ത് നമുക്കു എവിടെ നിന്നു എന്നു ചോദിച്ചു. 34 യേശു അവരോട് നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചതിന്, ഏഴ് അപ്പവും, കുറെ ചെറുമീനുകളും ഉണ്ട് എന്നു അവർ പറഞ്ഞു. 35 അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു, 36 ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. 37 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ അവർ ഏഴ് കൊട്ട നിറച്ചെടുത്തു. 38 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. 39 പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പടകിൽ കയറി മഗദാ ദേശത്തു എത്തി.
<- മത്തായി 14മത്തായി 16 ->