Link to home pageLanguagesLink to all Bible versions on this site

1 അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു; 2 ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: 3 നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്. 4 നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക. 5 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ. 6 അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.

7 ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ട്. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും, 8 ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട് 9 ഹെരോദാവ് അസ്വസ്ഥനായി. ഞാൻ യോഹന്നാന്റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ് എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.

10 അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി. 11 എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു. 12 സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കണം എന്നു പറഞ്ഞു. 13 അവൻ അവരോട്: നിങ്ങൾ തന്നേ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ എന്നു അവർ ചോദിച്ചു. 14 ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. 15 അവർ അങ്ങനെ എല്ലാവരെയും ഇരുത്തി. 16 അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തുകൊണ്ട് സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു. 17 എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ട് കൊട്ട ശേഖരിച്ചു. 18 അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചു. 19 യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു. 20 യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. 21 ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു. 22 മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു. 23 പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. 24 ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. 25 ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം? 26 ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. 27 എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

28 ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി. 29 അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു. 30 രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നേ. 31 അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു. 32 പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ട്. 33 അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു താൻ പറയുന്നത് എന്താണ് എന്ന് അറിയാതെ പറഞ്ഞു. 34 ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. 35 മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി. 36 ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.

37 പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു. 38 ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു. 39 ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു. 40 അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു. 41 അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു; 42 അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു. 43 എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു.

യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്: 44 നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു. 45 ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.

46 അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു. 47 യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി: 48 ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.

49 നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന് 50 യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.

51 യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, തനിക്കുമുമ്പായി ദൂതന്മാരെ അയച്ചു. 52 അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്ന്. 53 എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല. 54 അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ എന്നു ചോദിച്ചു. 55 അവൻ തിരിഞ്ഞു അവരെ ശാസിച്ചു: “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല; 56 മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.

57 അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. 58 യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു. 59 വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം എന്നു പറഞ്ഞു. 60 യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു. 61 മറ്റൊരുവൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു. 62 യേശു അവനോട്: കലപ്പയ്ക്ക്*നിലം ഉഴുന്നതിനുള്ള ഉപകരണംകൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

<- ലൂക്കോസ് 8ലൂക്കോസ് 10 ->